വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചതിന് ശേഷം രക്ഷപ്പെടാനായി കള്ളൻ കയറിയത് മോഷണം നടത്തിയ വീട്ടുടമയുടെ തന്നെ ബൈക്കിൽ. മോഷണം നടന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കാനായി പോകുകയായിരുന്നു ഉടമസ്ഥൻ. ചെന്നൈയിലാണ് ഈ രസകരമായ സംഭവം. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിൽകയറി മോഷണം നടത്തിയ പെരിയകാഞ്ചി പെരുമാൾ നായിക്കൻ തെരുവിലെ ഉമറാണ് രസകരമായ രീതിയിൽ പിടിയിലായത്.
ഇറച്ചിവാങ്ങാൻ വീട്ടുകാർ അടുത്തുള്ള കടയിൽ പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വാതിലും അലമാരയുമെല്ലാം തുറന്ന് കിടക്കുന്നത് കണ്ടു. നാല് പവന്റെ സ്വർണമാല മോഷണം പോയി എന്ന് മനസിലായത്തോടെ പൊലീസിനെ വിവരമറിയിക്കാൻ ഗൃഹനാഥൻ പുറപ്പെടുകയും ചെയ്തു. പാതിവഴിയിലെത്തിയപ്പോൾ കള്ളൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറുകയും ചെയ്തു.
രാജാദാസ് അയാളെയും പുറകിൽ കയറ്റി യാത്ര ചെയ്യവേ ഇയാളുടെ അരയിൽ പലതരത്തിലുള്ള ചാവികൾ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് സംശയമായത്. ബൈക്ക് നിർത്തിയതോടെ കളളൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് പ്രതി കുറ്റസമ്മതം നടത്തി.