എട്ടാമത് വേൾഡ് ഗ്രീൻ ഇക്കണോമി ഉച്ചകോടിയുടെ പുതിയ തീം യുഎഇ അവതരിപ്പിച്ചു. “സഹകരണത്തിലൂടെയുള്ള കാലാവസ്ഥാ പ്രവർത്തന നേതൃത്വം: നെറ്റ്-സീറോയിലേക്കുള്ള റോഡ്മാപ്പ്” എന്നതാണ് തീം. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും വേൾഡ് ഗ്രീൻ ഇക്കണോമിയും സംയുക്തമായാണ് തീം പ്രഖ്യാപിച്ചത്. കാലാവസ്ഥാ നടപടികളുടെ പുരോഗതി, പങ്കാളിത്തം ശക്തിപ്പെടുത്തൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള യു എ ഇ യുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ദുബൈ ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 28, 29 തീയതികളിലായി ദുബൈയിൽ വേൾഡ് ട്രേഡ് സെന്ററിൽ വച്ചായിരിക്കും ഉച്ചകോടി നടക്കുക. കാലാവസ്ഥാ സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അതേസമയം പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും തമ്മിലുള്ള സഹകരണവും അറിവും അനുഭവവും ഉച്ചകോടി ചർച്ച ചെയ്യും.
ഊർജം, ധനകാര്യം, ഭക്ഷ്യസുരക്ഷ, യുവാക്കൾ എന്നിങ്ങനെ നാല് പ്രധാന വിഷയങ്ങളിലായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ഡബ്ല്യു ജി ഇ എസ് ചെയർമാനുമായ സയീദ് മുഹമ്മദ് അൽ തായർ സെപ്റ്റംബർ 13ന് വിശദീകരിക്കും. സഹകരണം ശക്തിപ്പെടുത്തി സംരംഭങ്ങളെ വിന്യസിപ്പിക്കാൻ ലോക ഹരിത സാമ്പത്തിക ഉച്ചകോടിയിലൂടെ സാധിക്കും. പ്രമുഖ ആഗോള തീരുമാനങ്ങൾ ഉച്ചകോടിയിലൂടെ കൊണ്ടുവരും. നിർമ്മാതാക്കളും വിദഗ്ധരും ഹരിത സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുന്നതിനുള്ള ആവശ്യകതകളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.