ഭോപ്പാൽ: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം മധ്യപ്രദേശിലെ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. പല വിമാനങ്ങളുടെ സർവ്വീസും വൈകി. ചെക്ക് ഇൻ ചെയ്ത വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കിയ സംഭവവും റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിൽ ഒരാഴ്ചയായി 45 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഉഷ്ണതരംഗമുള്ളതിനാൽ ജനങ്ങൾക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പും സംസ്ഥാന സർക്കാരും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഭോപ്പാലിലെ രാജാ ഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനസർവ്വീസുകളെ കടുത്ത ചൂട് പ്രതികൂലമായി ബാധിച്ചത്.
“അതിശക്തമായ ചൂട് അന്തരീക്ഷ വായുവിൻ്റെ സാന്ദ്രതയിൽ മാറ്റം വരുത്തി അതിനെ നേർത്തതാക്കും. അത്തരം അന്തരീക്ഷത്തിൽ വിമാനങ്ങൾക്ക് പറന്ന് ഉയരാൻ ബുദ്ധിമുട്ട് നേരിട്ടും. നീളമേറിയ റൺവേയും കൂടുതൽ എഞ്ചിൻ പവറും ഉപയോഗിച്ചാണ് ഇത്തരം ഘട്ടങ്ങളിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുക – എയർപോർട്ട് ഡയറക്ടർ റാംജി അവസ്തി വിശദീകരിക്കുന്നു.
ടേക്ക് ഓഫ് ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ യാത്രക്കാരെ ഇറക്കാൻ പൈലറ്റിന് അധികാരമുണ്ട്. ചൂട് അൽപം കുറഞ്ഞ ശേഷം ടേക്ക് ഓഫ് ചെയ്യുകയാണ് പതിവ്. ഇതാണ് ഇന്ന് സംവിച്ചത്. ഇന്ന് 46 ഡിഗ്രീ സെൽഷ്യസ് ചൂടാണ് വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. ഇത്രയും കനത്ത ചൂടിൽ വിമാനം ടേക്ക് ഓഫ് ചെയ്യുവാണേൽ വിമാനത്തിൻ്റെ പുറത്തെ ബോഡിയും അന്തരീക്ഷവായുവും തമ്മിൽ നല്ല രീതിയിൽ ഘർഷണം സംഭവിക്കും. ഇതു വിമാനത്തിന് തീപിടിക്കാൻ കാരണമായേക്കാം.
മറ്റൊന്ന് റൺവേയിൽ ദൂരക്കാഴ്ചയും കനത്ത ചൂടിൽ അവ്യക്തമാക്കും. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള സർവ്വീസുകൾ പലതും വൈകിയത്. ടേക്ക് ഓഫിനൊരുങ്ങിയ ഒരു വിമാനത്തിൽ നിന്നും യാത്രക്കാരെ പൈലറ്റ് താത്കാലികമായി ഇറക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ചൂട് അൽപം ശമിച്ചതോടെ വിമാനങ്ങളെല്ലാം സർവ്വീസ് നടത്തിയെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
2018-ലെ വേനൽക്കാലത്ത് കടുത്ത ചൂട് കാരണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലം വിമാനത്താവളത്തിൽ അന്ന് 44.9 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം, വെയിൽ കുറയാൻ അധികൃതർ കാത്തിരുന്നതിനാൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറോളം അന്ന് സർവീസുകൾ വൈകിയിരുന്നു.