ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെത്തിയാണ് സിദ്ധരാമയ്യ വീണ്ടും മൂന്നാം തവണയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയായ നിതിൻ ഗഡ്കരിയെ കണ്ടത്. ഗഡ്കരിയെ അഭിനദിച്ച സിദ്ധരാമയ്യ കർണാടകയിലെ വിവിധ റോഡ് നിർമ്മാണ പദ്ധതികൾ നടപ്പാക്കാൻ സഹായം തേടുകയും ചെയ്തു.
5,225 കിലോമീറ്റർ നീളം വരുന്ന കർണാടകയിലെ 39 റോഡുകൾ ദേശീയപാതയായി വിജ്ഞാപനം ചെയ്യുന്നതടക്കം വിവിധ പദ്ധതികൾ ഗഡ്കരിക്ക് മുൻപിൽ സിദ്ധരാമയ്യ കൊണ്ടുവന്നു. തത്ത്വത്തിൽ അനുമതി ലഭിച്ചിട്ടും ഈ റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്തംഭിച്ചിരിക്കുകയാണെന്ന് ഗഡ്കരിയെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൈസൂരിനെ കേരളത്തിലെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന 90 മീറ്റർ അതിവേഗപ്പാത പദ്ധതിക്ക് അനുമതി നൽകണമെന്നും സിദ്ധരാമയ്യ ചർച്ചയിൽ ഗഡ്കരിയോട് ആവശ്യപ്പെട്ടു. മൈസൂരുവിൽ നിന്നും ജയപുര, എച്ച്.ഡി കോട്ട വഴി വയനാട്ടിലെ മാനന്തവാടിയിൽ വരെ നീളുന്ന പദ്ധതിയാണിത്. പദ്ധതിക്ക് ഇതിനോടകം പ്രിൻസിപ്പൽ അപ്രൂവൽ ലഭിച്ചതാണെന്നും പദ്ധതി യഥാർത്ഥ്യമാക്കാൻ ഇടപെടണമെന്നും ഗഡ്കരിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബെലഗാവി-ഹുനഗുണ്ട-റായിച്ചൂർ ഹൈവേ (NH748A), ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, സൂറത്ത്-ചെന്നൈ എക്സ്പ്രസ് ഹൈവേ, ബെംഗളൂരു സബർബൻ റിംഗ് റോഡ്, കർണാടകയിലെ ഗ്രീൻഫീൽഡ് ബൈപ്പാസ് തുടങ്ങി കർണാടകയിൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് സിദ്ധരാമയ്യ ഗഡ്കരിയെ നന്ദി അറിയിച്ചു.