കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടവേള ബാബുവിന് പകരക്കാരനായി ജയിച്ച് സിദ്ദീഖ്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ പരാജയപ്പെടുത്തിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ് ജയിച്ചത്.

വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മഞ്ജുപിള്ള, ജഗദീഷ്, ജയൻ ചേർത്തല എന്നിവർ മത്സരിച്ചതിൽ ജഗദീഷും ജയനും വിജയിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ അനൂപ് ചന്ദ്രനെ ബാബുരാജ് പരാജയപ്പെടുത്തി. 506 അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിലും 337 പേരാണ് അമ്മ തെരഞ്ഞെടുപ്പിൽ ഇന്ന് വോട്ട് ചെയ്തത്. വിദേശത്തുള്ള നടൻ മമ്മൂട്ടി ജനറൽ ബോഡിക്കെത്തിയില്ല. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി 27 വർഷത്തിന് ശേഷം ഇന്ന് അമ്മയുടെ വേദിയിലെത്തി.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ ഇരുവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. നിലവിൽ അമ്മ ട്രഷററായ സിദ്ധിഖ്, മുൻ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ. രണ്ട് വൈസ് പ്രസിഡൻ്റുമാരാണ് അമ്മയ്ക്കുള്ളത്. ഈ രണ്ട് പോസ്റ്റിലേക്കായി ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവർ പത്രിക നൽകി
ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജും നടൻ അനൂപ് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനാല് താരങ്ങളായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചത്. സമയപരിധി കഴിഞ്ഞപ്പോൾ മത്സരരംഗത്തുണ്ടായിരുന്ന നടി രചന നാരായണൻ കുട്ടി പിന്മാറി.
ടിനി ടോം, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, അൻസിബ ഹസ്സൻ, വിനു മോഹൻ, രമേശ് പിഷാരടി,ഡോ.റോണി, അനന്യ, സരയൂ, ജോയി മാത്യു, ടൊവിനോ തോമസ് – എന്നിവരാണ് നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത് ഇവരിൽ വോട്ടെടുപ്പിലൂടെ ഒരാൾ മാത്രം പുറത്താവുകയും ബാക്കിയുള്ളവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
