തൊഴിലാളി സമരങ്ങൾ കാരണം ജീവിതം വഴിമുട്ടി നാടുവിടേണ്ടി വന്ന ഒരു പഴയ ബസ് മുതലാളി ഇവിടെ ഷാർജയിലുണ്ട്. കേരളത്തിലെ നാളുകൾ നീണ്ട ബസ് പണിമുടക്കിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് തൃശൂർ മതിലകം സ്വദേശിയായ പ്രകാശൻ. ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രണ്ട് ബസുകളുടെ ഉടമസ്ഥനായിരുന്ന പ്രകാശൻ ഇപ്പോൾ ഷാർജയിലെ ഒരു വർക്ക് ഷോപ്പിൽ തൂപ്പുജോലി ചെയ്താണ് ജീവിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഒരു പഴയ വണ്ടിയായിരുന്നു പ്രകാശൻ വാങ്ങിയത്. മുതലാളി ആവുക എന്നതായിരുന്നില്ല പ്രകാശന്റെ ലക്ഷ്യം. കണ്ടക്ടറും ഡ്രൈവറുമെല്ലാം ആയി പണിയെടുത്ത് പ്രകാശൻ ബസ് വരുമാനമുള്ളതാക്കിമാറ്റി. തുടർന്ന് രണ്ടാമത്തെ ബസും വാങ്ങി. ഈ സമയം അപ്രതീക്ഷിതമായ പണിമുടക്ക് വരികയും ബസിന്റെ ഇൻസ്റ്റാൾമെന്റ് അടക്കാൻ പറ്റാതെ വരികയും ചെയ്തു. സമ്പാദ്യം മുഴുവൻ ഉയോഗിച്ച് ബസ് വാങ്ങിയതിനാൽ നഷ്ടം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
ബസുകൾ വിറ്റതിന് പിന്നാലെ അർബുധരോഗ ബാധിതയായ ഭാര്യയുടെ ചികിത്സയും രണ്ട് പെൺമക്കളുടെ വിവാഹവും പ്രകാശനെ തീരാകടക്കാരനാക്കി. ഒടുവിൽ തൊഴിൽ തേടി ഗൾഫിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മാനസികമായി തകർന്ന പ്രകാശൻ ആത്മഹത്യക്ക് ഒരുങ്ങി. ഈ സമയം അപ്രതീക്ഷിതമായി റൂമിലേക്കെത്തിയ പ്രവാസികളാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണമെന്ന് പ്രകാശൻ പറയുന്നു.
ഒരുകാലത്ത് തൃശൂരിലെ സാംസ്കാരിക വേദികളിൽ സജീവമായിരുന്ന പ്രകാശനെ എഴുത്തും വായനയുമാണ് മുന്നോട്ട് നയിക്കുന്നത്. അമ്പതിലേറെ കവിതകൾ രചിച്ച ഈ കലാകാരനെ തേടി നിരവധി പുരസ്കാരങ്ങളുമെത്തി. തുഛമായ വരുമാനത്തിന് തൊഴിലെടുക്കുമ്പോഴും പാട്ടും കവിതകളുമായി ജീവിതത്തിൽ നേരിട്ട വേദനകൾ മറികടക്കാനുള്ള ശ്രമത്തിലാണ് പ്രകാശൻ. അധ്വാനിച്ച് പണിതുയർത്തിയ വീട് നഷ്ടമാവുന്ന വേദനയും എഡിറ്റോറിയലുമായി പ്രകാശൻ പങ്കുവെച്ചു. പണയം വെച്ച വീട് തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുമ്പോൾ കടലിനിക്കരെ നിസ്സഹായനായി നോക്കിനിൽക്കുകയാണ് ഈ പ്രവാസി.
“ദയവുചെയ്ത് സമരം ഒഴിവാക്കണം, പ്രതിഷേധിക്കാൻ എന്തെല്ലാം മാർഗങ്ങൾ വേറെയുണ്ട്. പണിമുടക്കിയുള്ള സമരം എപ്പോഴും നഷ്ടം തന്നെയാണ്. ഇനിയൊരു പ്രകാശൻ ഉണ്ടാവരുത്…” നിറകണ്ണുകളോടെ പ്രകാശൻ പറഞ്ഞു.