നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. നിറവും മണവും ഇല്ലാത്തതിനാൽ ഈ വാതകം ആർക്കും കാണാൻ സാധിക്കില്ല. ഇത് ശ്വസിച്ചാൽ ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദുബായ് പൊലീസ്. കാര്‍ബണ്‍ മോണോക്സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരിച്ചുപോകുമെന്നുമാണ് മുന്നറിയിപ്പായി പുറത്തിറക്കിയ വിഡിയോയില്‍ ദുബായ് പൊലീസ് അറിയിച്ചത്.
ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇത് വീടിനുള്ളിലോ വാഹനങ്ങള്‍ക്കകത്തോ കെട്ടിനില്‍ക്കാനുള്ള സാധ്യതയുണ്ട്. ചെറിയ എഞ്ചിനുകള്‍, സ്റ്റൗ, വിളക്കുകള്‍, കാറുകള്‍, ട്രക്കുകള്‍,ചൂള, ഗ്രില്ല്, ഫയര്‍പ്ലേസ്, ഗ്യാസ് റേഞ്ച് എന്നിവയില്‍ നിന്ന് പുറത്തേക്ക് വരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയിട്ടുണ്ടാകും.
തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് തന്നെ ഇവ ശ്വസിക്കുന്നതിലൂടെ മരണം സംഭവിക്കുകയും ചെയ്യും. അതേസമയം മുറിക്കുള്ളിലോ വാഹനങ്ങള്‍ പോലുള്ള അടച്ച സ്ഥലങ്ങളിലോ ഇരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ ഉണ്ടാവുന്ന ലക്ഷണങ്ങളും നിർദേശങ്ങളും
1. തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛര്‍ദ്ദി, നെഞ്ചുവേദന, എന്നിവയാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാൽ കാണപ്പെടുന്ന ലക്ഷണങ്ങള്‍
2. അടച്ചിച്ച മുറിക്കുള്ളിലോ മറ്റോ പ്രവേശിക്കുമ്പോള്‍ വാതിലുകളും ജനലുകളും തുറന്ന് ശുദ്ധമായ വായു സഞ്ചാരം ഉറപ്പുവരുത്തണം
3. സുരക്ഷയ്ക്കായി വീടുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് തിരിച്ചറിയുന്ന അലാറം സ്ഥാപിക്കണം
4. അടച്ചിട്ട സ്ഥലങ്ങളില്‍ ഒരിക്കലും എസെന്‍സും കല്‍ക്കരി ബര്‍ണറുകളും ഉപയോഗിക്കരുത്.
5. ഗാരേജിലുള്‍പ്പെടെ അടച്ചിട്ട വാഹനത്തില്‍ ഏറെ നേരെ ഇരിക്കാൻ പാടില്ല
6. കാർബൺ മോണോക്സൈഡ് ശരീരത്തിലെത്തുമ്പോള്‍ രക്തത്തില്‍ കലരും. രക്തത്തിലെ അരുണ രക്താണുക്കള്‍ ഇവയെ ആഗിരണം ചെയ്യുകയും ചെയ്യും. ശേഷം മരണം സംഭവിക്കും.