തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുള്ളതിനാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് സൂചനകൾ.നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 13 മുതൽ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥ ഏജൻസികൾ അറിയിക്കുന്നത്. മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.