മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാഞ്ഞടുത്ത തെരുവുനായയെ സുരക്ഷാ ജീവനക്കാർ ആട്ടിയോടിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ദില്ലി എകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നേരെയും ഇത്തരമൊരു ആക്രമശ്രമമുണ്ടാവുന്നത്. നിരവധി പേരെയാണ് ഇതിനകം തെരുവുനായ ആക്രമിച്ചത്. എന്നാൽ ഇതിനെതിരെ ശാശ്വത പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടുമില്ല. വ്യാപക പ്രതിഷേധമാണ് തെരുവുനായ വിഷയത്തിൽ ഉയർന്നുവരുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മജിസ്ട്രേറ്റ്റ്റിനെ വെട്ടിപ്രത്തു വെച്ചും ജുവലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തു വെച്ചുമാണ് ആക്രമിച്ചത്.
മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യിൽ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളർത്തുനായയെ കടിക്കാൻ വന്ന തെരുവ്നായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്ക് കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്.