ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങും.ഗുജറാത്ത് വംശഹത്യയെകുറിച്ചുളള കൂടുതൽ വിവരങ്ങൾ രണ്ടാം ഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ മറികടന്ന് ആണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തുകയും യൂട്യൂബിലും ട്വിറ്ററിൽ നിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിബിസി വരുന്നത്.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ലിങ്കുകൾ ഷെയർ ചെയ്ത് പ്രതിപക്ഷ എംപിമാർ രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ജെഎൻയു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദർശനം വിലക്കി സർവകലാശാല സർക്കുലർ ഇറക്കി. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവകലാശാലാ മുന്നറിയിപ്പ്.
കേരളത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും സിപിഐഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി. കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.