മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ഉൾപ്പെട്ടത് 37 പേരെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. അപകടത്തിൽപ്പെട്ടവരിൽ 22 പേർ മരിച്ചു. പത്ത് പേർ കോഴിക്കോട്ടേയും തൃശ്ശൂരിലേയും മലപ്പുറത്തേയും ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടെന്നാണ് വിവരമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
അപകടം നടന്ന പൂരപ്പുഴയിൽ ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ ആരംഭിച്ചു. ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നും 37 പേർ അപകടത്തിൽപ്പെട്ടെന്നാണ് നിലവിലെ അനുമാനമെന്നും പൊലീസ് പറയുന്നു. എന്നാൽ ഒരു കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്നാണ് ഇപ്പോഴും തെരച്ചിൽ സജീവമായി തുടരുന്നത്.
പുഴയുടെ ഇരുന്നൂറ് മീറ്റർ ചുറ്റള്ളവിൽ ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. നാവികസേന സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. അഴിമുഖമായതിനാൽ അടിയൊഴുക്ക് ശക്തമാണെന്നും തെരച്ചിലിന് ഇത് തടസ്സമാകുന്നുണ്ടെന്നും ദുരന്തനിവാരണസേനാ അംഗങ്ങൾ പറയുന്നു.
പരപ്പനങ്ങാടിയിലെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരാണ് അപകടത്തിൽ മുങ്ങിമരിച്ചത്. ഇവരുടെ അയൽവാസികളായ 3 പേരും അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം സംസ്കാരം പരപ്പനങ്ങാടി അരയൻപറമ്പ് ജുമാ മസ്ജിദിൽ നടക്കും.