വാഹനങ്ങളുടെ വേനൽക്കാല പരിശോധന സൗജന്യമായി നൽകുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. യു എ ഈ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അപകടങ്ങളില്ലാത്ത വേനൽക്കാലം ‘ എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധനകൾ സൗജന്യമാക്കിയത്.
വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യണമെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വേനൽ രൂക്ഷമാവുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. സുഗമമായ റോഡ് ഗതാഗതം ഉറപ്പുവരുത്താനും സുരക്ഷിതമായി സഞ്ചരിക്കാനുമാണ് ഇത്തരം പരിശോധനകൾ.
അശ്രദ്ധ മൂലമോ അല്ലാതെയോ സംഭവിക്കാനിടയുള്ള അപകടങ്ങളെ ഇതിലൂടെ ഒരു പരിധി വരെ കുറയ്ക്കാനാവുമെന്ന് ഷാർജ അസറ്റ് മാനേജ്മെന്റിന്റെയും ഒ ഡബ്ല്യൂ എസ് ഓട്ടോയുടെയും സംയുക്ത സംരംഭമായ റാപ്പിഡ് ഓട്ടോ മോട്ടീവ് സൊല്യൂഷൻസ് സി ഇ ഒ സലിം സയീദ് അൽ മിദ്ഫ പറഞ്ഞു.