സംസ്ഥാനങ്ങള്‍ ദ കേരള സ്റ്റോറിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കങ്കണ റണാവത്ത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്ക്കെതിരാണെന്നാണ് കങ്കണാ റണാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കങ്കണ.
‘സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അനുമതി നല്കിയ ചിത്രം നിരോധിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ചില സംസ്ഥാനങ്ങള്‍ കേരള സ്റ്റോറി നിരോധിച്ചത് ശരിയല്ല. സെന്‍സര്‍ ബോര്‍ഡ് പാസ് ചെയ്ത് കഴിഞ്ഞാല്‍ അതിനെതിരെ പറയാന്‍ പാടില്ല,’ കങ്കണ റണാവത്ത് പറഞ്ഞു.
ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്. അത്തരം സിനിമകള്‍ സിനിമാ മേഖലയെ സഹായിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു.
നേരത്തെ തന്നെ കേരള സ്റ്റോറിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധനം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിരോധിച്ചില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്കാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേരള സ്റ്റോറി പ്രൊപഗാണ്ട സ്റ്റോറിയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേരള സ്റ്റോറിയെ അനുകൂലിച്ച് കങ്കണയുടെ പ്രതികരണം.