വിവാദ സിനിമയായായ ‘ദ് കേരള സ്റ്റോറി’ യുടെ പ്രദർശനം ബംഗാളിൽ നിരോധിക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്താണ് നടപടിയെന്നും മമത സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രഖ്യാപിച്ചു.
“വളച്ചൊടിക്കപ്പെട്ട സിനിമയാണ് ‘ദി കേരള സ്റ്റോറി’. സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്താണ് തീരുമാനം”- മമത ബാനർജി
കാശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമയ്ക്ക് ബിജെപി പണം മുടക്കുന്നു എന്ന മമത ബാനർജിയുടെ ആരോപണത്തിന് പിന്നാലെയാണ് കേരള സ്റ്റോറി നിരോധിച്ചതും. സിനിമയുടെ നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദ്ദേശവും നൽകി.
നേരത്തെ തമിഴ്നാട് സർക്കാരും മുൾട്ടിപ്ലെസ് തിയേറ്ററുകളിൽ ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നു. ആളുകളുടെ കുറവും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. കേരളത്തിൽ ആകെ 20 തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. ചില പ്രദേശങ്ങളിൽ റിലീസ് ദിവസം പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും പോലീസ് കാവലോടെയായിരുന്നു സിനിമ പ്രദർശനം നടന്നത്.