ഐക്യരാഷ്ട്രസഭയുടെ അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് (എൽഡിസി 5) ദോഹയിൽ തുടക്കമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറിയയിലെ ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കുന്നതിൽ കാലതാമസം നേരിടുന്നത് ആശ്ചര്യമുണ്ടാക്കുന്നു. കൂടാതെ ആഭ്യന്തര യുദ്ധത്താൽ തകർന്ന രാജ്യത്ത് മാനുഷിക സഹായം രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് തെറ്റായ കാര്യമാണ്. കൂടാതെ സിറിയയെ മടികൂടാതെ സഹായിക്കേണ്ടത് ആവശ്യമാണെന്നും അൽഥാനി പറഞ്ഞു. അതേസമയം ഭൂകമ്പമുണ്ടാക്കിയ ദുരിതത്തിൽ നിന്നും കരകയറാനുള്ള തുർക്കിയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ അവിടുത്തെ ജനങ്ങൾ ദുരിതത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് ഈ യോഗം നടക്കുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങളെ ഭൂകമ്പം ബാധിച്ചതെന്നും അമീർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക ഐക്യദാർഢ്യത്തിന്റെ പാതയിലൂടെ അല്ലാതെ ഇന്നും നാളെയും പുതിയതും സുരക്ഷിതവും നീതിയുക്തവും കൂടുതൽ സ്വതന്ത്രവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കില്ലെന്നും അമീർ ഓർമിപ്പിച്ചു.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ തുർക്കിയിൽ 45,000ത്തിലധികം ആളുകളും സിറിയയിൽ 6000ത്തിലധികം ആളുകളുമാണ് മരണപ്പെട്ടത്. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്താണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കൂടാതെ വർഷങ്ങളായുള്ള ആഭ്യന്തരയുദ്ധത്താൽ ഇതിനോടകം തന്നെ ആകെ തകർന്ന സിറിയയിലെ എല്ലാ കക്ഷികൾക്കും സഹായവിതരണം വർധിപ്പിക്കുന്നതിന് പ്രവേശനം അനുവദിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിറിയയിൽ സഹായവിതരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് ഡമസ്കസ് സർക്കാറിന്റെ നിയന്ത്രണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകൾ പരാതി ഉന്നയിച്ചു. സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽനിന്ന് നടത്തുന്ന സഹായ വിതരണം വിമതർ തടഞ്ഞത് സഹായശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന് സഹായ ഏജൻസികളും അറിയിച്ചു.സമ്മേളനത്തിൽ അഞ്ചാമത് യു.എൻ ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ് കോൺഫറൻസ് പ്രസിഡന്റായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ തെരഞ്ഞെടുത്തു.