അബുദാബിയിലെ എയർപോർട്ട് സിറ്റി ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. മൂന്ന് വർഷം മുൻപാണ് സിറ്റി ചെക്ക് ഇൻ സേവനം നിർത്തിവച്ചത്. ഈ സേവനമാണ് അബുദാബി ക്രൂയിസ് ടെർമിനൽ പുനരാരംഭിക്കുന്നത്. അതേസമയം തുടക്കത്തിൽ ഇത്തിഹാദ് വിമാനത്തിൽ യാത്രചെയ്യുന്നവർക്കായിരിക്കും ഈ സേവനം ലഭ്യമാവുക.
മൊറാഫിക് ഏവിയേഷൻ സർവീസസ് എന്ന സ്ഥാപനമാണ് ഇത്തിഹാദ് എയർവേയ്സ് അടക്കമുള്ള വിമാനക്കമ്പനികളുമായി സഹകരിച്ച് സിറ്റി ടെർമിനൽ വീണ്ടും യഥാർഥ്യമാക്കുന്നത്. 1999 ൽ പ്രവർത്തനമാരംഭിച്ച സിറ്റി ടെർമിനൽ 2019 ലാണ് താത്കാലികമായി നിർത്തിവച്ചത്.
നവംബറോട് കൂടി കൂടുതൽ വിമാനകമ്പനികൾ സിറ്റി ടെർമിനൽ വഴി സർവീസ് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂർ മുതൽ കുറഞ്ഞത് നാല് മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് സിറ്റി ടെർമിനൽ വഴി ചെക്കിൻ ചെയ്യാം. ശേഷം ലഭിക്കുന്ന ബോർഡിങ് പാസുമായി എമിഗ്രേഷൻ കൗണ്ടറിലെത്തിയാൽ മതിയാവും. കൂടാതെ മിന ക്രൂയിസ് ടെർമിനലിൽ ലഭിക്കുന്ന സൗജന്യ പാർക്കിംഗ് സർവീസും ലഭിക്കും. ഒരു യാത്രക്കാരന് 45 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും നാലംഗ കുടുംബത്തിന് 120 ദിർഹവുമാണ് ഈടാക്കുക. നിലവിൽ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണിവരെ സിറ്റി ടെർമിനൽ പ്രവർത്തിക്കും.