വിഘടനവാദ സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിൻ്റെ (കെ.എൽ.എഫ്) സ്വയം പ്രഖ്യാപിത തലവൻ അവതാർ സിംഗ് ഖാണ്ഡ ബ്രിട്ടനിൽ മരണപ്പെട്ടതായി റിപ്പോർട്ട്. ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ വച്ചാണ് അവതാർ സിംഗ് ഖാണ്ഡ മരിച്ചതെന്നാണ് വിവരം. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിൻ്റെ സുഹൃത്തുകൾ പറയുന്നത്.
മാർച്ച് 19-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന അക്രമത്തിന്റെ പ്രധാന ആസൂത്രകനായിരുന്നു അവതാർ സിംഗ് ഖണ്ഡ. രഞ്ജോദ് സിംഗ് എന്നറിയപ്പെടുന്ന ഖണ്ഡ, യുകെയിൽ രാഷ്ട്രീയ അഭയം തേടിയ ആളാണ്. ഖാലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തിലേക്ക് സിഖ് യുവാക്കളെ ആകർഷിച്ച് ചേർക്കുന്നതിൽ ഇയാൾ നിർണായക പങ്കുവഹിച്ചിരുന്നു.
1991-ൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച കെ.എൽ.എഫ് ഭീകരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുമായി ശക്തമായ ബന്ധമുള്ള മറ്റൊരു കെ.എൽ.എഫ് ഭീകരൻ ഗുർജന്ത് സിംഗ് ബുദ്ധ്സിംഗ്വാലയുമായി ഇയാളുടെ അമ്മയ്ക്ക് ബന്ധമുണ്ടായിരുന്നു.
വിഷബാധയേറ്റാണ് ഖണ്ഡയുടെ മരണമെന്നും മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് ഖണ്ഡയെ സിഖ് രക്തസാക്ഷിയായി പ്രഖ്യാപിക്കുമെന്നും ഇയാളുടെ അനുയായികൾ പ്രഖ്യാപിച്ചതായാണ് വിവരം. എന്നാൽ ഖണ്ഡയ്ക്ക് രക്താർബുദം ഉണ്ടായിരുന്നുവെന്നും ഏകദേശം രണ്ടാഴ്ച മുൻപ് വെസ്റ്റ് ബർമിംഗ്ഹാം ആശുപത്രിയിൽ ഇയാളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നുവെന്നും വിവരമുണ്ട്.
ലണ്ടൻ ഹൈക്കമ്മീഷനിലുണ്ടായ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിൽ ഖണ്ഡയേയും മറ്റു മൂന്ന് ഖലിസ്ഥാൻ പ്രവർത്തകരേയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിരുന്നു. യുകെ രഹസ്യാന്വേഷണ ഏജൻസിയായ MI-5 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മാർച്ച് 19 ന് ഹൈക്കമ്മീഷൻ ഖലിസ്ഥാൻ വാദികൾ ആക്രമിക്കപ്പെട്ടു. അക്രമികൾക്കെതിരെ കർശന നടപടിക്ക് യു.കെ പൊലീസ് തയ്യാറാവാതിരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വരാൻ കാരണമായിരുന്നു.
ഭൂരിപക്ഷം ഖലിസ്ഥാൻ അനുഭാവികളെ പോലെ സ്റ്റുഡൻ്റ് വിസയിലാണ് അവതാർ സിംഗ് ഖാണ്ഡ യുകെയിലേക്ക് പോയത്. യുകെയിലെ ചില ഗുരുദ്വാരകളിൽ സജീവമായ വിഘടനവാദ സംഘം വാഗണുമായി ബന്ധപ്പെട്ട് കൊണ്ടാണ് ഇയാൾ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇയാൾ നേരത്തെ തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു.