റിയാദ്: സൗദി അറേബ്യയിൽ വച്ച് ഒരു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യക്കാരൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടെ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആലമിൻ്റെ (36) മൃതദേഹമാണ് ഒരു വർഷത്തിന് ശേഷം നാട്ടിലെത്തിച്ചത്.
സൗദിയിലെ ഖമീസിന് അടുത്ത് തീതിൽ 2022 മാർച്ച് 30-നാണ് മുഹമ്മദ് ആലമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽസഫറിനും അൽ ഫൈദ് പലത്തിനുമിടയിലെ വിജനമായ സ്ഥലത്ത് വിവസ്ത്രനായ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസും റെഡ് ക്രസൻ്റ് സംഘവുമെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ആലമിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ആന്തരിക രക്തസ്രവവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തലയ്ക്കും അടിവയറ്റിനും കൈകൾക്കും മാരകമായ പരിക്കേറ്റിരുന്നു. ആലമിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ശക്തമായിരുന്നെങ്കിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
മരണസമയത്ത് നാട്ടിൽ ഇദ്ദേഹത്തിൻ്റെ ഒന്നര വയസ്സ് പ്രായമുള്ള കുട്ടി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മരണവിവരം അറിയിക്കാൻ വിളിച്ച ബന്ധുക്കളോട് സംസാരിക്കാൻ ഭാര്യയോ കുടുംബമോ തയ്യാറായിരുന്നില്ല. പിന്നീട് ഇയാളുടെ കുട്ടിയും മരണപ്പെട്ടതായി അസീറിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫയർ വിഭാഗം പ്രതിനിധിയുമായ ഹനീഫ മഞ്ചേശ്വരത്തെ ഉദ്ധരിച്ച് മലയാളം ന്യൂസ് ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിലെ കൊത്വാലി ഷാജഹാൻപൂർ സ്വദേശിയാണ് മുഹമ്മദ് ആലം. ഏഴ് വർഷമായി സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 2021 ഓഗസ്റ്റിലാണ് ഇയാൾ അവസാനമായി നാട്ടിൽ പോയി വന്നത്. അബഹയിൽ നിന്ന് ജിദ്ദയിലെത്തിച്ച മൃതദേഹം അവിടെ നിന്നാണ് ലഖ്നൗവിലേക്ക് അയച്ചത്. ഇതിനുള്ള ചെലവുകളെല്ലാം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വഹിച്ചു. ഫർഹീൻ ബീഗമാണ് ആലമിൻ്റെ ഭാര്യ. മുനവർ ഹുസൈൻ, മറിയം ബീഗം എന്നിവരാണ് മാതാപിതാക്കൾ.