കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് പിഒസി പദവി നിഷേധിച്ചത് പ്രവാസികൾക്കും വടക്കൻ കേരളത്തിൻറെ വികസനത്തിനും വലിയ തിരിച്ചടിയായെന്ന് അഡ്വ. പി സന്തോഷ് കുമാർ എംപി. രാജ്യസഭയിൽ സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായി കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
വിദേശ വിമാനങ്ങൾ ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പിഒസി. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് നൽകുന്നത്. ഇപ്പോഴും കണ്ണൂർ വിമാനത്താവളത്തിന് ഈ പദവി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ അനീതിയോട് പ്രതികരിച്ച പി സന്തോഷ് കുമാർ എം.പി, പിഒസി പദവി നിഷേധിക്കുന്നത് പ്രവാസികൾക്കും വടക്കൻ കേരളത്തിന്റെ വികസന സാധ്യതകൾക്കും വലിയ തിരിച്ചടിയാണെന്ന് പറഞ്ഞു.
കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ നോൺ മെട്രോ നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ് എന്നും അത് കൊണ്ടാണ് പിഒസി പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകാത്തത് എന്നും പറയുന്നു.വികസനത്തിന് ഉതകുന്ന ഇത്തരം പദവികൾ നൽകുന്നതിന് ഒരു പ്രദേശത്തിന്റെ ജനസംഖ്യ മാത്രമല്ല, സാമൂഹിക-സാമ്പത്തിക ഘടകങ്ങളും പരിഗണിക്കണം. കണ്ണൂർ വിമാനത്താവളത്തിന് പിഒസി പദവി നൽകുന്നതിലൂടെ വടക്കൻ കേരളത്തിലെ പ്രവാസികൾക്കും അതിന്റെ സവിദേശമായ സമ്പദ് ഘടനയ്ക്കും ധാരാളം നേട്ടങ്ങളുണ്ടാകും. അതിനാൽ കണ്ണൂർ വിമാനത്താവളത്തിന് വളരെ വേഗം തന്നെ പിഒസി പദവി നൽകണമെന്നും മറ്റു വിമാനത്താവളങ്ങൾക്കും അത് ലഭ്യമാക്കണം എന്നും പി സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു.