തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതായി പൊലീസ്. ആഗസ്റ്റ് 30നാണ് കാട്ടാക്കട പൂവച്ചലില്‍ ആദിശേഖര്‍ മരിച്ചത്. വണ്ടി തട്ടി മരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയത്. എന്നാല്‍ ആദി ശേഖറിനെ കാത്തിരുന്നത് വണ്ടിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി.
ആദിശേഖര്‍ സ്ഥിരമായി കളിക്കാന്‍ പോകുന്ന വഴിയില്‍ 20 മിനുട്ടോളം കാത്തിരുന്നാണ് പ്രതിയായ പ്രിയരഞ്ജന് വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്. പ്രിയ രഞ്ജന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആദിശേഖറിനെ കാത്തിരിക്കുകയായിരുന്നു.
സുഹൃത്തിന്റെ അടുത്തെത്തിയ ആദിശേഖര്‍ സുഹൃത്തിന്റെ സൈക്കിള്‍ വാങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരം മദ്യപാനിയായ പ്രതി ക്ഷേത്രത്തിന് മുന്നില്‍ മൂത്ര മൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് മാസങ്ങള്‍ക്ക് ശേഷം ആദി ശേഖറിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദിശേഖറിന്റെ അകന്ന ബന്ധുകൂടിയാണ് പ്രിയരഞ്ജന്.
മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇയാള്‍ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.