ബെംഗളൂരു: വേനൽക്കാലം തുടങ്ങാൻ ആഴ്ചകൾ ബാക്കി നിൽക്കേ കടുത്ത ജലക്ഷാമത്തിൽ മെട്രോ നഗരമായ ബെംഗളൂരു. ജനുവരി പകുതിയോടെ തന്നെ ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ജലവിതരണം തടസ്സപ്പെട്ട നിലയിലാണ്. കുടിവെള്ളക്ഷാമം മുതലെടുത്ത് സ്വകാര്യ ടാങ്കറുകൾ വില വർദ്ധിപ്പിച്ചതായും ബെംഗളൂരു നഗരത്തിലെ താമസക്കാർ പരാതിപ്പെടുന്നു.
മഴക്കുറവ്, കുഴൽക്കിണറുകൾ വറ്റിവരണ്ടത്, ഭൂഗർഭജലത്തിൻ്റെ കുറവ്, ആസൂത്രണമില്ലായ്മ, ജലടാങ്കർ മാഫിയയുടെ കളികൾ തുടങ്ങി നിരവധി കാരണങ്ങളാണ് ഇപ്പോഴത്തെ ജലപ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ജനങ്ങൾ കുറപ്പെടുന്നത്. ആയിരക്കണക്കിന് ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും ഒരു കോടി ജനസംഖ്യയുള്ളതുമായ ബെംഗളൂരു നഗരം എങ്ങനെ ഈ വേനൽക്കാലം അതിജീവിക്കും എന്ന് ആർക്കുമൊരു പിടിയുമില്ല.
ബെംഗളൂരുവിലെ ജലവിതരണത്തിൻ്റെ ചുമതലയുള്ള ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) കാവേരി നദിയിൽ നിന്നാണ് കൂടുതൽ വെള്ളം എടുക്കുന്നത്. വാട്ടർ സപ്ലൈ ബോർഡ് കടന്നു ചെല്ലാത്ത ഭാഗങ്ങളിൽ ജനങ്ങളിൽ ബോർവെല്ലുകളെയോ ടാങ്കർ വെള്ളത്തെയോ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ബെംഗളൂരുവിന് കാവേരിയിൽ നിന്ന് പ്രതിദിനം 1,450 ദശലക്ഷം ലിറ്റർ (എംഎൽഡി) വെള്ളം ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 1,680 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ കുറവാണ് ബെംഗളൂരു നേരിടുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ ടാങ്കറുകളെ ആശ്രയിച്ചാണ് നഗരവാസികൾ കുടിവെള്ളം എത്തിക്കുന്നത്. പക്ഷേ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്വകാര്യ ടാങ്കറുകൾ വെള്ളത്തിൻ്റെ വില ഇരട്ടിയോളം വർദ്ധിപ്പിച്ചു. ഇതു സാധാരണക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.
“സ്വകാര്യ ടാങ്കറുകൾ 1500 രൂപയാണ് ഒരു ടാങ്ക് വെള്ളത്തിന് ഇപ്പോൾ ഈടാക്കുന്നത്. ഒരു മാസം ആറായിരം രൂപയോളം സ്വകാര്യ ടാങ്കറുകൾക്ക് വേണ്ടി ചിലവഴിക്കേണ്ട. നേരത്തെ ഇത് എഴുന്നൂറ് രൂപയായിരുന്നു. 12,000 ലിറ്റർ ടാങ്കറിൻ്റെ വില നിലവിൽ 2,000 രൂപയിൽ എത്തി, ഒരു മാസം മുമ്പ് ഇത് ഏകദേശം 1,200 രൂപയായിരുന്നു. പഴയ പൈപ്പ് ലൈൻ സംവിധാനം മൂലമുള്ള ചോർച്ചയും ടാങ്കർ മാഫിയയും കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കുകയാണ് വൈറ്റ് ഫിൽഡിൽ നിന്നുള്ള വിപിൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.
“സ്വകാര്യ ടാങ്കർ മാഫിയ കാരണം എല്ലാ വേനൽക്കാലത്തും ഇതാണ് കഥ. ഇതിനു ദീർഘകാല പരിഹാരമുണ്ടാകണം. കൂടാതെ, പഴയ പൈപ്പുകൾ കാരണം 30% വെള്ളം പാഴാവുന്ന നിലയുണ്ട്. ശിവാജിനഗറിൽ ഞങ്ങൾ പൈപ്പ് ലൈൻ സംവിധാനം മുഴുവൻ മാറ്റി. ഇതേ രീതിയിൽ എല്ലായിടത്തും പുതിയപൈപ്പുകളിടണം” കോൺഗ്രസ് എംഎൽഎ അർഷാദ് പറഞ്ഞു.
അതേസമയം കടുത്ത കുടിവെള്ളക്ഷാമത്തിനിടെ ടാങ്കർ ഏജൻസികൾ കുഴൽക്കിണർ കുഴിച്ച് 24 മണിക്കൂറും വെള്ളം പമ്പ് ചെയ്യുന്നതായി പലയിടത്തും പരാതി ഉയർന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിൽ ടാങ്കറുകൾ കാണിക്കുന്ന വിവേചനമാണ് മറ്റൊരു പ്രശ്നം. സമ്പന്ന മേഖലകളിലാണ് കുടിവെള്ളവിതരണത്തിൽ അവർ മുൻഗണന നൽകുന്നത്. പലപ്പോഴും ഇതുകാരണം സാധാരണക്കാർക്ക് കുടിവെള്ളം കിട്ടുന്നത് വൈകുന്ന നിലയുണ്ട്.
അതേസമയം വെള്ളം ശേഖരിക്കാൻ ദീർഘദൂരം ഓടേണ്ടി വരുന്നത് മൂലമുള്ള ഇന്ധനച്ചെലവാണ് വിലക്കൂട്ടുന്നതിന് കാരണമായതെന്നാണ് ജലവിതരണക്കാർ പറയുന്നത്. “നഗരത്തിലെ മിക്ക കുഴൽക്കിണറുകളും വറ്റിപ്പോയതിനാൽ ഞങ്ങളുടെ ടാങ്കറുകൾ നിറയ്ക്കാൻ ഏകദേശം 40 കിലോമീറ്റർ നിലവിൽ അധികം സഞ്ചരിക്കുന്നുണ്ട്. ഇതോടെ ഇന്ധനച്ചെലവും കുതിച്ചുയർന്നു,” ഒരു ടാങ്കർ വെണ്ടർ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
അതേസമയം നഗരാസൂത്രണത്തിലെ പാളിച്ചകളാണ് കുടിവെള്ളക്ഷാമത്തിന് കാരണമായതെന്ന് ബിജെപി നേതാവും ചിക്ക്പേട്ട് എംഎൽഎയുമായ ഉദയ് ഗരുഡാച്ചാർ പറഞ്ഞു. ബംഗളൂരുവിലെ ജനസംഖ്യ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കും നഗരവികസനവും ആസൂത്രണവും അടിമുടി മാറേണ്ടതിലേക്കുമാണ് ഇതൊക്കെ വിരൽചൂണ്ടുന്നത്. “ആളുകൾ എങ്ങനെയാണ് ഉയർന്ന നിലകളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പോകുന്നത്? ബാംഗ്ലൂരിലെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. സർക്കാർ ഇക്കാര്യത്തിൽ ആസൂത്രണം നടത്തണം. എൻ്റെ നിയോജക മണ്ഡലത്തിൽ നിന്ന് എനിക്ക് പ്രതിദിനം 50 മുതൽ 100 വരെ കോളുകൾ വെള്ളമില്ലെന്ന് പരാതിപ്പെട്ട് വരുന്നുണ്ട്, ”ഗരുഡാച്ചാർ പറഞ്ഞു.
ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നതിൽ പ്രധാന ഘടകമാണ്. നഗരത്തിലെ നിലവിലുള്ള ജലസ്രോതസ്സുകൾക്ക് താങ്ങാവുന്നതിലും വലിയ രീതിയിലാണ് ഇപ്പോഴത്തെ ജലഉപഭോഗം. നിലവിൽ ഒരു കോടിയോളം ആളുകൾ ബെംഗളൂരു നഗരത്തിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ ഓരോ വർഷവും 10 ലക്ഷം വീതം ജനസംഖ്യ വർദ്ധിക്കുന്നു. 2025ഓടെ ഇത് 1.25 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) പഠനമനുസരിച്ച്, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ബെംഗളൂരുവിലെ 79 ശതമാനം ജലാശയങ്ങളും 88 ശതമാനം പച്ചപ്പും നഷ്ടമായിട്ടുണ്ട്. യാതൊരു ആസൂത്രണവുമില്ലാതെ അതിവേഗത്തിലുള്ള നഗരവത്കരണമാണ് നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ നടക്കുന്നത്.
അതേസമയം കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിർമ്മിക്കുന്നത് ബെംഗളൂരുവിൻ്റെ ജലക്ഷാമത്തിന് പരിഹാരമാണെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിൻ്റെ നിലപാട്. എന്നാൽ കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കത്തിൽ അണക്കെട്ടിൻ്റെ നിർമാണം അനിശ്ചതാവസ്ഥയിലാണ്. മേക്കേദാട്ടു അണക്കെട്ട് താഴോട്ടുള്ള നീരൊഴുക്കിനെ ബാധിക്കുമെന്നും ഇത് സംസ്ഥാനത്തെ കർഷകരെ ബാധിക്കുമെന്നും തമിഴ്നാട് ഭയപ്പെടുന്നു.
കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനായി കർണാടക സർക്കാർ പുതിയ ബജറ്റിൽ 200 കോടി അനുവദിച്ചിട്ടുണ്ട്. കുഴൽക്കിണറുകളുടെ ആഴം വർധിപ്പിക്കാനുള്ള നിർദേശങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്. വിതരണക്കാർ ഭീമമായ തുക ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, വാട്ടർ ടാങ്കറുകൾക്ക് സർക്കാർ നിരക്ക് നിശ്ചയിക്കുമെന്ന് പറഞ്ഞു. എന്നാൽ ഈ നടപടികൾ കൊണ്ടൊക്കെ മൺസൂൺ വരെ ബാംഗ്ലൂർ നഗരം പിടിച്ചു നിൽക്കുമോ എന്ന് കണ്ടറിയണം.