വരുന്ന ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില ഉയരുക. സാധാരണ നിലയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ അധികമാണ് ഇത്. ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
താപനില ഉയരുന്നതിനാൽ പകൽ 11 മണി മുതൽ മൂന്ന് മണിവരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും അറിയിക്കുന്നുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ മറ്റു രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം.
നിർമാണ തൊഴിലാളികൾ കർഷക തൊഴിലാളികൾ വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ പാർക്ക് ചെയ്ത വാ3ഹനങ്ങളിൽ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
നിർജലീകരണം തടയാൻ വെള്ളം കുടിക്കണം, നിർജലീകരണമുണ്ടാകുന്ന മദ്യം കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാഗക്കണം. കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.