നീലഗിരി: തമിഴ്നാട്ടിലെ മലയോരമേഖലയിൽ അതിശൈത്യം. നീലഗിരി ജില്ലയിൽ പലയിടത്തും കുറഞ്ഞ താപനില പൂജ്യം ഡിഗ്രീ സെൽഷഷ്യസിലെത്തി. സാൻഡിനല്ല റിസർവോയർ മേഖലയിലടക്കമാണ് പൂജ്യം ഡിഗ്രീ താപനില രേഖപ്പെടുത്തിയത്. സമീപകാലത്തൊന്നും ഈ രീതിയിൽ താപനില കുറഞ്ഞിട്ടില്ലെന്ന് പ്രദേശവാസികളും കാലാവസ്ഥാ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
അതിശൈത്യം നീലഗിരി ജില്ലയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അസാധാരണ ശൈത്യം കാരണം പലരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ചയില്ലാത്ത അവസ്ഥയാണ്. വാഹനഗതാഗതത്തെ ഇതുസാരമായി ബാധിച്ചിട്ടുണ്ട്. കട്ടിയേറിയ വസ്ത്രങ്ങൾ ധരിച്ചും തീ കാഞ്ഞുമാണ് ജനങ്ങൾ തണ്ണുപ്പിനോട് പൊരുതുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഉദഗമണ്ഡലം, കാന്തലിൽ, തലൈകുന്ത എന്നീ പ്രദേശങ്ങൾ ഒരു ഡിഗ്രീയാണ് താപനില. ഇക്കുറി വൈകിയാണ് ശൈത്യകാലം നീലഗിരിയിൽ തുടങ്ങിയതെന്നും ഇപ്പോൾ സാധാരണയിലും കടുത്ത നിലയിലേക്ക് താപനില കുറഞ്ഞെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനവും എൽ-നിനോ പ്രതിഭാസവുമെല്ലാം കടുത്ത കാലാവസ്ഥയ്ക്ക് കാരണമായി ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
നീലഗിരിയുടെ ജീവനാഡിയായ തേയില തോട്ടങ്ങളേയും കാബേജ് അടക്കമുള്ള മറ്റു കാർഷിക വിളകളുടെ കൃഷിയേയും കൊടും തണ്ണുപ്പ് പ്രതികൂലമായി ബാധിച്ചുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പുലർകാലത്തെ കൊടുംതണ്ണുപ്പ് കാരണം തൊഴിലാളികളിൽ പലർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.