ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിലെ ‘ഓപ്പറേഷൻ കമലിന്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് കെസിആറിന്റെ ആരോപണം. കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിന്റെ നിർദേശ പ്രകാരമെന്നും കെസിആർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
‘സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിന്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാർ അമിത് ഷായുടെ നോമിനിയാണ്,’ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.