താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശന് പൊലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശനെ പിടികൂടിയത്. രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയായിരുന്നു.
അതേസമയം ബോട്ട് ഉടമ നാസറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 37 പേരാണ് അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 37 പേരെയാണ് കയറ്റിയത്.
ആളുകളെ അശാസ്ത്രീയമായി കുത്തി നിറച്ച് ബോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. ബോട്ടിന്റെ ഡക്കിലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അപകട സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ബോട്ട് ദുരന്തത്തില്‍ 22 പേരാണ് മരിച്ചത്.