സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി ബഹ്റൈനിലെ ഗവണ്മെന്റ് ഏജൻസിയായ തംകീൻ. ബഹ്റൈൻ കേന്ദ്രമായി ആരംഭിക്കുന്ന എല്ലാ സ്റ്റാർട്ടപ്പുകൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പേർക്ക് സംരംഭവുമായി മുന്നോട്ട് വരാനുള്ള പ്രചോദനം നൽകുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
2013 ൽ ആരംഭിച്ച ബഹ്റൈൻ സ്റ്റാർട്ടപ്പ് പദ്ധതി വഴി കമ്പനികൾക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകാൻ സാധിച്ചിട്ടുണ്ട്. അതേസമയം മികച്ച സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പുതിയ സംരംഭകർ രംഗത്ത് വരുന്നതിനും പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് തംകീൻ ചീഫ് എക്സിക്യൂട്ടീവ് ഇൻചാർജ് മഹ മഫീസ് വ്യക്തമാക്കി.
പുതിയ കണ്ടുപിടിത്തങ്ങൾക്കും ചിന്തകൾക്കും സാമൂഹിക പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഇതുവഴി സംരംഭങ്ങളായി അവയെ വളർത്തിക്കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്ന് മഹ മഫീസ് കൂട്ടിച്ചേർത്തു.