ചെന്നൈ: പ്രശസ്ത തമിഴ് വീഡിയോ വ്ലോഗർ ഇർഫാൻ്റെ കാർ തട്ടി സ്ത്രി മരണപ്പെട്ടു. വ്യാഴാഴ്ച രാത്രി ചെന്നൈയിലെ മറൈമലൈ നഗറിൽ വച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് ഇർഫാൻ്റെ ബന്ധുവായ അസറുദ്ദീനാണ് വാഹനമോടിച്ചതെന്നാണ് വിവരം. ഇർഫാൻ്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വിയാണ് അപകടത്തിൽപ്പെട്ടത്.
സുരക്ഷാ ജീവനക്കാരിയായ ജോലി ചെയ്യുന്ന പത്മാവതി എന്ന 55-കാരിയാണ് അപകടത്തിൽ മരിച്ചത്. മുനിസിപ്പൽ ഓഫീസിന് സമീപം ജിഎസ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പത്മാവതിയെ കാറിടിച്ചത്. മകളുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന പത്മാവതിയെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ പത്മാവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പത്മാവതിയുടെ മൃതദേഹം സംസ്കരിച്ചു. അപകടത്തിനിടയാക്കിയ എസ്.യു.വി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിന് പിന്നാലെ മുഹമ്മദ് അസറുദ്ദീൻ എന്ന 34-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരെ അശ്രദ്ധമായി കാറോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് താംബരം ട്രാഫിക് പൊലീസ് അറിയിച്ചു. അപകടം നടക്കുമ്പോൾ അസറുദ്ദീനൊപ്പം ഇർഫാനും കാറിലുണ്ടായിരുന്നു.
തമിഴ്നാട്ടിലെ ഏറെ അറിയപ്പെടുന്ന വീഡിയോ വ്ലോഗറാണ് ഇർഫാൻ. ഇർഫാൻ വ്യൂ എന്ന യൂട്യൂബ് ചാനലിലൂടെ തമിഴ്നാട്ടിലെ വിവിധ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയാണ് ഇർഫാൻ ശ്രദ്ധേയനായത്. സിനിമാ രാഷ്ട്രീയ താരങ്ങളുമായുള്ള അഭിമുഖങ്ങളും ഇർഫാൻ്റേതായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഇർഫാൻ്റെ വിവാഹം. 36 ലക്ഷം സബ്സ്ക്രൈബ്ബേഴ്സാണ് അദ്ദേഹത്തിൻ്റെ ചാനലിനുള്ളത്. വിവാഹശേഷം തമിഴ്നാട് ഗവർണർ ആർ.ആൻ രവി ഇർഫാനേയും കുടുംബത്തേയും രാജ്ഭവനിലേക്ക് വിരുന്നിന് ക്ഷണിച്ചിരുന്നു.