കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തുടങ്ങിയിട്ട് രണ്ട് വർഷം പൂർത്തിയാവുന്നു. 2021 ആഗസ്റ്റ് പതിനഞ്ചിനാണ് നാറ്റോ സൈന്യം പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ വിവിധ ഭാഗങ്ങൾ കീഴടക്കിയ താലിബാൻ കാബൂളിലേക്ക് പ്രവേശിച്ച് അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്.
അധികാരത്തിൻ്റെ രണ്ടാം വാർഷികം പൊതുഅവധി പ്രഖ്യാപിച്ചാണ് താലിബാൻ ആഘോഷിച്ചത്. അഫ്ഗാനിൽ താലിബാനെ അധികാരത്തിലേറ്റിയതിന് താലിബാൻ പോരാളികളെ അനുമോദിക്കുന്നതായി താലിബാൻ വക്താവ് സൈബുഹുള്ള മുജാഹിദ് പറഞ്ഞു. ഏകീകൃതമായ ഒരു ഭരണസംവിധാനത്തിന് കീഴിലാണ് ഇന്ന് താലിബാനുള്ളത്. കൃത്യമായ ഇസ്ലാമിക ഭരണകൂടം അഫ്ഗാനിലുണ്ട്. ശരീയാ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് – താലിബാൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
രണ്ടാം വാർഷികം പ്രമാണിച്ച് കാബൂളിലെ ഒഴിഞ്ഞു കിടക്കുന്ന അമേരിക്കൻ എംബസിയിൽ പല താലിബാൻ പോരാളികളും ഒത്തുകൂടുകയും അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. അധികാരമേറ്റെടുത്തതിന് പിന്നാലെ താലിബാനിലെ സ്ത്രീകളുടെ കുട്ടികളുടേയും ജീവിതം നരകപൂർണമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ.
ജോലി ചെയ്യാൻ അഫ്ഗാൻ സ്ത്രീകൾക്ക് ഇപ്പോൾ വിലക്കുണ്ട്. ബ്യൂട്ടി പാർലറുകളെല്ലാം താലിബാൻ ഭരണകൂടം അടച്ചുപൂട്ടി കഴിഞ്ഞു. പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് വിലക്കിയ താലിബാൻ ഭരണകൂടം പുരുഷൻമാരില്ലാതെ സ്ത്രീകൾ പുറത്തിറങ്ങുന്നതും വിലക്കിയിട്ടുണ്ട്. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള പെണ്കുട്ടികൾ സ്കൂളിൽ പോകുന്നതും തടഞ്ഞിരിക്കുകയാണ്.
അതേസമയം അന്താരാഷ്ട്രതലത്തിൽ നയതന്ത്ര വിലക്ക് നേരിടുന്നതിനാൽ അഫ്ഗാനിസ്ഥാൻ്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാണ്. അഫ്ഗാൻ സർക്കാരിൻ്റെ പേരിലുണ്ടായിരുന്ന ഏഴ് ബില്ല്യണ ഡോളർ യുഎസ് ഫെഡറൽ റിസർവ് താലിബാൻ അധികാരമേറ്റതിന് പിന്നാലെ മരവിപ്പിച്ചിരുന്നു. അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളും വ്യാപാരവും ഇല്ലാതെ എത്രകാലം രാജ്യം മുന്നോട്ട് പോകും എന്നതാണ് പലരും ചോദിക്കുന്നത്.