ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായിരുന്ന ഡോ.ഹർഷവർധനൻ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായി ഹർഷവർധനൻ അറിയിച്ചത്.
മുതിർന്ന ബിജെപി നേതാവായിരുന്ന ഹർഷവർധൻ അഞ്ച് തവണ എംഎൽഎയും രണ്ട് തവണ എംപിയുമായിരുന്നു. ദില്ലിയിലെ ചാന്ദിനി ചൌക്ക് മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്നിലവിൽ.
രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തിൽ തൻ്റെ മുപ്പത് വർഷത്തെ തിരഞ്ഞെടുപ്പ് ജീവിതത്തിൽ നേടിയ നേട്ടങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.
“മുപ്പത് വർഷത്തെ മഹത്തായ തിരഞ്ഞെടുപ്പ് ജീവിതത്തിന് ശേഷം, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ഞാൻ മാതൃകാപരമായി പ്രചരണം നയിക്കുകയും പോരാടി വിജയിക്കുകയും ചെയ്തു. സംഘടനയിലും സംസ്ഥാനത്തിലും കേന്ദ്രത്തിലും ഉള്ള സർക്കാരുകളിലും നിരവധി പദവികൾ വഹിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.” ഹർഷ് വർധൻ പറഞ്ഞു.
“ഞാൻ മുന്നോട്ട് പോകുന്നു, എനിക്ക് പാലിക്കാൻ വാഗ്ദാനങ്ങൾ ഉണ്ട്.. ഉറങ്ങുന്നതിന് മുമ്പ് ഒരുപാട് ദൂരം പോകണം !! എനിക്കൊരു സ്വപ്നമുണ്ട് .. നിങ്ങളുടെ അനുഗ്രഹം എപ്പോഴും എന്നിൽ ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം. കൃഷ്ണയിലെ എൻ്റെ ഇഎൻടി ക്ലിനിക്ക് എൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
2014-ൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കപിൽ സിബലിനെ പരാജയപ്പെടുത്തിയാണ് ഹർഷവർധൻ ചാന്ദിനിചൌക്കിൽ നിന്നും ലോക്സഭയിലെത്തിയത്. ഒന്നാം മോദിസർക്കാരിൽ ആരോഗ്യമന്ത്രിയായി പിന്നീട് അദ്ദേഹം ചുമതലയേറ്റു. 2017-ൽ വനം,പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയങ്ങളുടെ ചുമതല കൂടി അദ്ദേഹത്തിന് ലഭിച്ചു. 2019-ൽ വീണ്ടും ചാന്ദിനി ചൌക്കിൽ നിന്നും മത്സരിച്ച ഹർഷവർധൻ 53 ശതമാനം വോട്ട് നേടി മികച്ച വിജയത്തോടെ സീറ്റ് നിലനിർത്തി.
രണ്ടാം മോദി സർക്കാരിലും അദ്ദേഹം തന്നെയായിരുന്നു ആരോഗ്യമന്ത്രി. ഇതോടൊപ്പം ശാസ്ത്രസങ്കേതിക വകുപ്പിൻ്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനവും ലോക്ക് ഡൌണും ഉണ്ടായപ്പോൾ ഹർഷവർധനായിരുന്നു ആരോഗ്യവകുപ്പിൻ്റെ ചുമതല. എന്നാൽ രണ്ടാം കൊവിഡ് തരംഗ കാലത്ത് ഹർഷവർധൻ്റെ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്നും മോദി നീക്കി. തുടർന്ന് മൻസൂഖ് മാണ്ഡവ്യ കേന്ദ്ര ആരോഗ്യമന്ത്രിയായി.
2023-ൽ ബിജെപി എംപി രമേഷ് ബിധുരി ബിഎസ്പി എംപിയായ ഡാനിഷ് അലിയെ മുസ്ലീം ഭീകരനെന്ന് പാർലമെൻ്റിന് അകത്ത് വച്ച് അധിക്ഷേപിച്ചപ്പോൾ അടുത്തിരുന്ന് ഹർഷവർധൻ ചിരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു. ഇപ്പോൾ 195 മണ്ഡലങ്ങളിൽ ബിജെപി ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമ്പോൾ രമേശ് ബിധുരിക്കും ഹർഷവർധനും സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു.