ട്വന്റ20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് താരതമ്യേന ദുർബലരായ നെതർലൻഡ്സിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായിരുന്ന സമ്മർദം ഇന്ന് നെതർലൻഡ്സിനെ നേരിടുന്ന ഇന്ത്യൻ ടീമിനില്ല. മെൽബണിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ പ്ലെയിംഗ് ഇലവനു കൂടുതൽ അവസരം നൽകാനാണു മാനേജ്മെന്റിന്റെ ശ്രമം. അതുകൊണ്ടുതന്നെ താരങ്ങൾക്കു വിശ്രമം നൽകാനിടയില്ല. ബംഗ്ലാദേശിനോട് ഒമ്പത് റണ്‍സിന്റെ തോൽവിയേറ്റുവാങ്ങിയ ടീമിൽ നെതർലൻഡ്സും മാറ്റം വരുത്തില്ലെന്നാണു സൂചന.
വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കു കണ്ണുംപൂട്ടി വിശ്വസിക്കാം. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ. രാഹുലിന്റെയും ഫോമിൽ മാനേജ്മെന്റിന് ആശങ്കയുണ്ട്. ഇരുവരും പ്രധാനപ്പെട്ട ടീമുകൾക്കെതിരേ നിറംമങ്ങുന്നതു തുടർകാഴ്ചയാണ്. അർഷ്ദീപ് സിംഗും ഭുവനേശ്വർ കുമാറും നയിക്കുന്ന ബൗളിംഗിനു മുഹമ്മദ് ഷമികൂടി എത്തിയതോടെ കരുത്തു വർധിച്ചിട്ടുണ്ട്.