ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കൽ വാർത്ത പുറത്തു വിട്ടത്. അതേസമയം വിദേശ ടി20 ലീഗുകളിൽ കളി തുടരുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. തന്റെ ആരാധകർക്കുള്ള നന്ദിയും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും നേരത്തെ തന്നെ റെയ്ന വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമും ലേലത്തിനെടുക്കാത്തത്തിനെ തുടർന്ന് ഐ പി എല്ലിലെ ഒരു സീസണ് റെയ്നയ്ക്ക് നഷ്ടമാവുകയും ചെയ്തു. ഇതുകൊണ്ടാണ് വിദേശ മത്സരങ്ങളിൽ കളിക്കാൻ ഐ പി എല്ലിൽ നിന്നുകൂടി വിരമിക്കുന്നത്.
ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കാത്ത തരങ്ങൾക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി ബിസിസിഐ നല്‍കാറില്ല. അതേസമയം ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുന്ന തരങ്ങൾക്ക് പിന്നീട് ക്രിക്കറ്റ് ബോര്‍ഡിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടമാകുകയും ചെയ്യും. ഇതുമൂലം അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഇതുവരെയും വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ളു.