അപൂര്‍വ്വ രോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ നടനും എംപിയുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ഗോവിന്ദന് മാസ്റ്ററെ പോയി കണ്ടാല്‍ മതിയെന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്ന് യുവതി ആരോപിച്ചു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് കോയമ്പത്തൂരില്‍ താമസിക്കുന്ന മലയാളിയായ സിന്ദു മകന് അശ്വിന്റെ ചികിത്സയ്ക്കായി സഹായം ചോദിച്ച് സുരേഷ് ഗോപിക്ക് അടുത്തെത്തിയത്. എന്നാല്‍ ഗോവിന്ദന് മാസ്റ്ററെ പോയി കാണൂ എന്ന് മറുപടി കേട്ട സിന്ദു ക്ഷേത്രനടയിലുള്ളവരോട് അതാരാണെന്ന് അന്വേഷിക്കുകയും ചെയ്തു. പിന്നീടാണ് സുരേഷ് ഗോപി തന്നെ കളിയാക്കിയതാണെന്ന് സിന്ദുവിന് മനസിലായത്. ഇത് മനസിലാക്കിയതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് സിന്ദു പൊട്ടിക്കരഞ്ഞു. ക്ഷേത്രത്തിലുണ്ടായിരുന്നവരാണ് സിന്ദുവിനെ സമാധാനിപ്പിച്ചത്.
മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ്വ രോഗമാണ് സിന്ദുവിന്റെ കുഞ്ഞിന്. കുഞ്ഞിന് ഒരു മാസം മാത്രം ചികിത്സയ്ക്ക് 50,000 രൂപ ചെലവുണ്ടെന്നാണ് സിന്ദു പറയുന്നത്.