‘ദശമൂലം ദാമുവിന്റെ’ വളർച്ചയ്ക്ക് പിന്നിൽ ട്രോളന്മാരണെന്നും അതിനു ട്രോളന്മാരോടെല്ലാം നന്ദിയുണ്ടെന്നും കഥാപാത്രം അവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂട്. അന്ന് ആ കഥാപാത്രം ചെയ്യുമ്പോൾ ഇത്ര വലിയ വിജയമാകുമെന്ന് താൻ കരുതിയില്ലെന്നും സുരാജ് എഡിറ്റോറിയൽ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ദശമൂലം ദാമുവിനെ ട്രോളന്മാർ ഏറ്റെടുത്തപ്പോഴാണ് ഞാനും ഞെട്ടിയത്. അന്നത് ചെയ്യുമ്പോൾ അതൊരു ക്യാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമായിരുന്നു. സിനിമയിറങ്ങിയപ്പോൾ ആ കഥാപാത്രത്തിന് വലിയ ശ്രദ്ധ ലഭിച്ചില്ലെങ്കിലും പിന്നീട് ട്രോളന്മാർ ഏറ്റെടുത്തപ്പോഴാണ് ദശമൂലം ദാമു ട്രോളന്മാരുടെ ഹീറോ ആകുന്നത്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഞാൻ ട്രോളുകളെല്ലാം കാണാറുണ്ട്.വീണ്ടും ദശമൂലം ദാമുവിനെ ഉയർത്തിക്കൊണ്ട് വന്നത് ട്രോളന്മാരാണ്. അത്കൊണ്ട് ട്രോളന്മാർക്കെല്ലാം വലിയ നന്ദി. ഇനിയും ട്രോളണം”
ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ തന്നെ സീരിയസ് വേഷങ്ങൾ ചെയ്യാനും ആഗ്രഹിച്ചിരുന്നതായും സുരാജ് പറഞ്ഞു. ഈ കാര്യം രഞ്ജിത്ത് അടക്കമുള്ള സംവിധായകരോട് സൂചിപ്പിച്ചിരുന്നു. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ ആളുകളുടെ സമീപനം മാറിയെന്നും നാഷണൽ അവാർഡ് കൂടെ ലഭിച്ചപ്പോൾ കൂടുതൽ ബഹുമാനത്തോടെ ആളുകൾ പെരുമാറാൻ തുടങ്ങിയതായും സുരാജ് അഭിമുഖത്തിൽ പറയുന്നു.