നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ലെന്നും നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്നും ജസ്റ്റിസ്ബി ആർ ഗവായ് പറഞ്ഞു. ജസ്റ്റിസ് എസ്അ ബ്ദുല്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
നോട്ട് നിരോധനത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. സൂക്ഷ്മതയോടെ മാത്രമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകുക എന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്ര നടപടി ശരിവെച്ചു. ജസ്റ്റിസ് നാഗരത്നയുടേത് ഭിന്നവിധിയായിരുന്നു.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെ വിധിയില്‍ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണ്. നോട്ട് നിരോധനം നിയമനിര്‍മ്മാണത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നതാണ്. നിയമം പാലിച്ചായിരുന്നു നടപടികള്‍ മുന്നോട്ട് പോകേണ്ടിയിരുന്നതെന്നും ജസ്റ്റിസ് നാഗരത്നയുടെ ന്യൂനപക്ഷ വിധിയില്‍ പറയുന്നു.
ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി സുബ്രഹ്മണ്യന്, ബി വി നാഗരത്ന എന്നിവരാണ് മറ്റ് അംഗങ്ങള്‍. 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാനം വാദം.