ദില്ലി: കനത്ത മഴയിൽ ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ജനജീവിതം ദുസ്സഹമായി. വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ഇടവേളയില്ലാതെ തുടർന്നതോടെയാണ് പലയിടത്തും വെള്ളപ്പൊക്കമുണ്ടായത്. മഴയെ തുടർന്ന് ദില്ലിയിലെ താപനിലയിൽ കാര്യമായ കുറവുണ്ട്. മഴക്കെടുതിയിൽ ദില്ലിയിൽ മാത്രം ഇതുവരെ 12 പേർ മരിച്ചതായാണ് വിവരം.
അടുത്ത ദിവസങ്ങളിൽ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ദില്ലി കൂടാതെ ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു ആൻഡ് കശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 1982ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് കഴിഞ്ഞ ദില്ലിയിൽ ലഭിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. 24 മണിക്കൂർ 153 മി.മി മഴയാണ് ഇവിടെ ലഭിച്ചത്.
എന്നാൽ വെള്ളപ്പൊക്കം കാരണം പലയിടത്തും ഗതാഗതതടസ്സം രൂക്ഷമായിട്ടുണ്ട്. നൂറുകണക്കിന് കടകളിലും വീടുകളിലും വെള്ളം കയറിയതായിട്ടാണ് റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്തെ തിരക്കേറിയ വാണിജ്യകേന്ദ്രമായ കോണാട്ട്പ്ലേസിലടക്കം വെള്ളപ്പൊക്കമുണ്ടായി. ഗുരുഗ്രാമടക്കമുള്ള പ്രദേശങ്ങളിൽ വൈദ്യുതതടസ്സമുണ്ടായി.
ഡൽഹിയിൽ ഫ്ലാറ്റിന്റെ സീലിംഗ് തകർന്നാണ് 58 കാരിയായ ഒരു സ്ത്രീ മരിച്ചത്. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് ഇന്ന് പുലർച്ചെയാണ് സ്ത്രീയും ആറുവയസ്സുള്ള മകളും മരിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമാനമായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെയുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുന്ദി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. തുടർച്ചയായ മഴയും മണ്ണിടിച്ചിലും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ റോഡിന്റെ ഒരു ഭാഗം തകർന്ന ശ്രീനഗർ-ജമ്മു ഹൈവേയിൽ മൂവായിരത്തോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് കണക്ക്.
ഹിമാചൽ പ്രദേശിലെ ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ എന്നിവിടങ്ങളിലെ നിരവധി റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം “റെഡ്” അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിയാസ് നദിയിൽ വലിയ രീതിയിൽ ജലനിരപ്പ് ഉയർന്നതോടെ കുളുവിൽ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയിരിക്കുകയാണ്.
ഹരിയാനയിലും പഞ്ചാബിലും പലയിടത്തും കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഢിലും ദിവസം മുഴുവൻ മഴ പെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിലും കർണാടകത്തിലും ഇടവിട്ട മഴ തുടരുകയാണ്. സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലാണ് “യെല്ലോ” അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.