അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമാവധി ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയും സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിക്ക് എം പിയായി തുടരാനാകും.
മോദി പരാമര്‍ശത്തില്‍ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി ഉത്തരവിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.
തനിക്കെതിരായ ശിക്ഷാവിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നുമാണ് പരാതിക്കാരനായ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്കിയ എതിര് സത്യവാങ്മൂലം. മാപ്പ് പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ പൂര്‍ണേഷ് മോദി നല്കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനെതിരെയാണ് രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.