പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സുപ്രീം കോടതി. മഅ്ദനിക്ക് കൊല്ലത്തേക്ക് മടങ്ങാമെന്ന് സുപ്രീം കോടതി അറിയിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
ചികിത്സ തുടരാമെന്നും ജാമ്യ കാലയളവില്‍ ഇനി കേരളത്തില്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി പറഞ്ഞു. മഅ്ദനിക്ക് കര്‍ണാടക പൊലീസ് അകമ്പടിയുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മഅ്ദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅ്ദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതല്‍ ആയതിനാല്‍ കിഡ്നി മാറ്റിവെക്കല്‍ അടക്കമുള്ള ചികിത്സ ആവശ്യമാണെന്നും കൊച്ചിയിലെ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാവശ്യാര്‍ത്ഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്ത് പോകാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.