ലക്നൗവിലെ ഗ്യാന്‍ വാപി മസ്ജിദ് നില്ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ ആരംഭിച്ച പരിശോധന ബുധനാഴ്ച വരെ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതുവരെ സര്‍വേ പാടില്ലെന്ന് കോടതി പറഞ്ഞു.
പള്ളിക്കമ്മിറ്റിക്ക് നാളെ തന്നെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാവും. ജൂലൈ 26ന് മുമ്പ് തന്നെ കേസില്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റു ജഡ്ജിമാര്‍.
ഇന്ന് രാവിലെ ഏഴ്മണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലത്ത് ഒഴികെ പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറാനായിരുന്നു തീരുമാനം. കഴിഞ്ഞ വര്‍ഷം മെയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നുള്ള വീഡിയോ സര്‍വേയിലാണ് ഈ ഭാഗത്ത് ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ആരോപിച്ചത്.
ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിലനിന്നതെന്നും ചൂണ്ടിക്കാട്ടി സമ്പൂര്‍ണ സര്‍വേ വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. വാരണാസി കോടതിയാണ് സര്‍വേയ്ക്കുള്ള അനുമതി നല്‍ല്‍കിയത്.
സര്‍വേ നടത്തിയാല്‍ പള്ളിക്ക് കേടുപാടുകള്‍ വരുമെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കാതെയാണ് കോടതി സര്‍വേ നട ത്താനുള്ള അനുമതി നല്‍കിയത്.
പള്ളിയില്‍ കണ്ടത് ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമായിരുന്നു പള്ളിക്കമിറ്റി വാദിച്ചത്. കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുള്‍പ്പെടുന്ന ഭാഗം ഒഴിവാക്കിയാണ് കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാതിരിക്കാനായി രാവിലെ എട്ട് മുതല്‍ 12 വരെയാണ് സര്‍വേ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.