അതിതീവ്രമായ സൂപ്പർ ടൈഫൂൺ നോരു ചുഴലിക്കാറ്റ് ഫിലിപ്പീൻസിലേക്ക് കടന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഇന്നലെ തീരം തൊട്ട കാറ്റ് ഇന്ന് കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്. മുൻകരുതൽ നടപടിയായി ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. പ്രധാന ദ്വീപായ ലുസോണിലേക്ക് ശക്തമായ കാറ്റ് ആഞ്ഞടിച്ചതോടെയാണ് തീരദേശ നഗരങ്ങളെ ഒഴിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.
സൂപ്പർ ടൈഫൂൺ നോരു സ്ഫോടനാത്മക തീവ്രതയോടെ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശുന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. ഈ വർഷം ഫിലിപ്പീൻസിൽ വീശിയടിക്കുന്ന പതിനൊന്നാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് നോരു. ഇത് ഞായറാഴ്ച ഉച്ചയോടെ തലസ്ഥാന മേഖലയിലും സമീപ പ്രവിശ്യകളിലും കനത്ത മഴയ്ക്കും കാരണമാകുമെന്നും അധികൃതർ പറഞ്ഞു.
ഫിലിപ്പീൻസ് അധികൃതർ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. മനില ഉൾപ്പെടെയുള്ള പ്രധാന ദ്വീപായ ലുസോൺ കാറ്റഗറി 3 ചുഴലിക്കാറ്റിന്റെ ശക്തി പ്രാപിക്കുന്നതിനാൽ നൂറുകണക്കിന് ആളുകൾക്ക് കടൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 120 കി.മീ വേഗതയിലായിരുന്ന കാറ്റ് മണിക്കൂറിൽ 185 കി.മീ വേഗതയിലേക്ക് മാറിയിട്ടുണ്ട്. നോരു ചുഴലിക്കാറ്റ് ഒരു സൂപ്പർ ടൈഫൂൺ ആയി മാറിയെന്ന് ദുരന്ത ഏജൻസി അറിച്ചു.
അതേസമയം തലസ്ഥാനത്തെ തുറമുഖങ്ങളിൽ 1,200-ലധികം യാത്രക്കാരും 28 കപ്പലുകളും കുടുങ്ങിയതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. നോരു പടിഞ്ഞാറോട്ട് നീങ്ങി, ഞായറാഴ്ച അവസാനമോ തിങ്കളാഴ്ച ആദ്യമോ തെക്കൻ ചൈനാ കടലിന് മുകളിലൂടെ ഉയർന്നുവരാൻ സാധ്യതയുണ്ട്.