ദില്ലി:കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിൻ്റെ ഫ്ളാഗ് ഓഫ് ഞായറാഴ്ച നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഡിവിഷണൽ മാനേജർമാർക്ക് അയച്ചു.

വീഡിയോ കോണ്ഫറൻസിലൂടെയാവും പ്രധാനമന്ത്രി ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കുക. കേരള വന്ദേഭാരത് അടക്കം ആകെ ഒൻപത് പുതിയ വന്ദേഭാരത് ട്രെയിനുകളാവും പ്രധാനമന്ത്രി അന്ന് ഫ്ളാഗ് ഓഫ് ചെയ്യുക. നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 34 ആവും.

നിലവിൽ തയ്യാറാക്കിയ ഷെഡ്യൂൾ അനുസരിച്ച് കാസർകോട് നിന്നും രാവിലെ ഏഴ് മണിക്ക് ട്രെയിൻ പുറപ്പെടും. വൈകിട്ട് 3.05 തിരുവനന്തപുരത്ത് എത്തും. അവിടെ നിന്നും 4.05 ന് പുറപ്പെടുന്ന ട്രെയിൻ കാസർകോട് 11.55ന് എത്തിച്ചേരും.
ഈ വർഷം ആഗസ്റ്റ് 15-ന് മുൻപ് 75 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കും എന്നായിരുന്നു നേരത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാൽ ഇതു നടന്നില്ല. ഒരു പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇത്രയും വന്ദേഭാരതുകൾ ട്രാക്കിലേക്ക് എത്താൻ സാധ്യതയുണ്ട്. വന്ദേഭാരത് എക്സ്പ്രസ്സ് കൂടാതെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ദൂരത്തിൽ ഓടുന്ന വന്ദേമെട്രോ ട്രെയിനുകളും, ദീർഘദൂര യാത്രയ്ക്കായുള്ള വന്ദേഭാരത് സ്ലീപ്പർ മോഡലുകളും വൈകാതെ റെയിൽവേ പുറത്തിറങ്ങും.
