ലോകമെങ്ങും ലോകകപ്പ് ആവേശത്തിന്റെ ആരവങ്ങൾ അലയടിക്കുമ്പോൾ നാടിന്റെ പ്രതീക്ഷയിൽ ആവേശം കൊള്ളുകയാണ് പാത്രമംഗലം ഗ്രാമത്തിലെ കാൽപന്ത് പ്രേമികൾ. ലോക ഫുട്ബാളിലെ പ്രിയതാരങ്ങളുടെയും ടീമിന്റെയും ചിത്രങ്ങൾ വീഥികൾ തോറും ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ലോകകപ്പിൽ മത്സരിക്കാൻ കഴിയാത്ത ഇന്ത്യയും ഒരു നാൾ ബൂട്ടണിയുമെന്ന പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തി പാത്രമംഗലത്തെ ഫുട്ബാൾ പ്രേമികൾ വ്യത്യസ്തരാവുന്നു.
തൃശ്ശൂരിലെ പാത്രമംഗലത്ത് പുഴയോരത്തെ പാടശേഖരത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. 45 അടി ഉയരമാണ് സുനിൽ ഛേത്രിയുടെ കട്ടൗട്ടിന്റെ ഉയരം. പാത്രമംഗലം പാർഥസാരഥി ക്ഷേത്ര പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് കട്ടൗട്ടിന്റെ സ്ഥാപിച്ചത്.