കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുറുകുന്നു. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കമാണ് കോളേജിനെതിരെ സമരവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പെണ്‍കുട്ടി മരിച്ച ദിവസം എച്ച്.ഒ.ഡി (ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റ്) യുടെ മുറിയില്‍ പോയി വന്നതിന് ശേഷമാണ് പെണ്‍കുട്ടിയുടെ മുഖം മാറിയതെന്നും അതുവരെ ശ്രദ്ധ സന്തോഷവതിയായിരുന്നെന്നും സഹപാഠികള്‍ പറയുന്നു. എച്ച് ഓ ഡിയെ കണ്ടു വന്നതുമുതല്‍ കരച്ചിലായിരുന്നു. അപ്പോള്‍ മുതലാണ് പെണ്‍കുട്ടി മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടിരുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴും കുഴഞ്ഞുവീണതാണെന്നാണ് ആശുപത്രി അധികൃതരോട് ഹോസ്റ്റല്‍ വാര്ഡന് പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു എന്നാണ് അധ്യാപകര്‍ കാരണമായി പറയുന്നത്. ഇതുവരെ പ്രശ്നമല്ലാതിരുന്ന കുട്ടി പിന്നെ എങ്ങനെയാണ് പെട്ടെന്ന് തോല്‍വിയുടെ കാരണത്തില്‍ ആത്മഹത്യ ചെയ്യുക എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജിലെ പ്രിന്‍സിപ്പാള്‍, മറ്റു അധ്യാപകര്‍ എന്നിവര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.