ബെംഗളൂരു: ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്. നൂറ് കോടിയുടെ പോൺസി അഴിമതി കേസിലാണ് പ്രകാശ് രാജിനെ ഇഡി ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചത്. അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രണവ് ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു രാജ്.
പ്രണവം ജ്വല്ലേഴ്സ് മാനേജ്മെന്റ് നടത്തിയ പോൺസി പദ്ധതിയിൽ നിക്ഷേപിച്ചവരിൽ നിന്നും 100 കോടി രൂപ തട്ടിയെന്നാരോപിച്ച് ജ്വല്ലറിയുടെ ശാഖകളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുച്ചിറപ്പിള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ചെന്നൈയിലും പുതുച്ചേരിയിലുമടക്കം വിവിധ ശാഖകളിൽ ഇഡി റെയ്ഡ് നടത്തി.
പ്രണവ് ജ്വല്ലേഴ്സിൻ്റെ ഷോറൂമുകളെല്ലാം ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ ട്രിച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ജ്വല്ലറി ഉടമ മദനെതിരെ കേസെടുത്തു. ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ഈ മാസം ആദ്യം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്സ് 100 കോടി രൂപ സമാഹരിച്ചതായി ഇഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച തുകയോ ജ്വല്ലറി നിക്ഷേപകർക്ക് നൽകിയില്ല. നീണ്ട കാലം ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.