കണ്ണൂര്‍ പയ്യന്നൂരില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു. സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ ക്ലാസിലെ 15 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
തായിനേരി എസ്.എ.ബി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലെ ഒന്‍പതാംക്ലാസിലെ ഒരു ഡിവിഷനില്‍ രാവിലെ 9.15 ഓടെയാണ് സംഭവം ഉണ്ടായത്.
സാധാരണ ബോഡി സ്പ്രേയാണെന്ന് കരുതിയാണ് ക്ലാസ് മുറിയില്‍ സ്പ്രേ ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപിക ക്ലാസില്‍ എത്തുമ്പോള്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. കാര്യം തിരക്കുമ്പോഴേക്കും കുട്ടികള്‍ നിര്‍ത്താതെ ചുമയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് പെപ്പര്‍ സ്പ്രേ കണ്ടെത്തുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച 15 വിദ്യാര്‍ത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.