ഓള് ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ എന്ന മൃഗസംരക്ഷണ സംഘടനയ്ക്കെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു.
തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തില്‍, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള് ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് അഞ്ജലി ഗോപാലന് ആയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പ്രസുതുത സംഘടന ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും അസത്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോപിക്കുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ആണ് സംഘടന നടത്തുന്നത്. പാകിസ്താന് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പറയുന്നു.
വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 340 വകുപ്പ് പ്രകാരമാണ് നടപടി ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഇനി ഉള്ളത് 6,000 നായ്ക്കള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കള്ളമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ വ്യക്തമാക്കും.