മകനെ പഠിപ്പിക്കാൻ പിതാവിനെ സാമ്പത്തികം അനുവദിക്കില്ലെന്ന് മനസ്സിലായപ്പോൾ തിരകളെണ്ണി സമയം കളയാൻ ആ ചെറുപ്പക്കാരൻ കാത്തിരുന്നില്ല. പതിനെട്ട് വയസ്സു പൂർത്തിയായപ്പോൾ കൈയിലൊരു പ്രീഡിഗ്രി സർട്ടിഫിക്കറ്റുമായി കല്ലമ്പലം സ്വദേശി താഹ നേരെ കടൽ കടന്നു. സാധ്യതകളുടെ വലിയ നഗരമായ ദുബൈയിലേക്ക്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിൽ അബുദാബിയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷ്യറായി പ്രവാസജീവിതത്തിന്റെ തുടക്കം. മൂന്നു വർഷങ്ങൾക്കപ്പുറം അബുദാബിയിലും ദുബൈയിലുമായി സ്വന്തമായി സൂപ്പർമാർക്കറ്റ് തുടങ്ങി. പതിനഞ്ചുവർഷം കച്ചവടം നടത്തിയ അദ്ദേഹം അവിടെയും തൃപ്തനായില്ല. അങ്ങനെയാണ് ഗ്യാസ് വിതരണമേഖലയിലേക്ക് കടക്കുന്നത്. യുഎഇയിലെ പേരെടുത്ത കമ്പനിയായി happy way gas trading ആരംഭിക്കുന്നതും അതു എമിറേറ്റുകളിലേക്ക് വളർന്നതും ചരിത്രം.
ഒരു ബിസിനസിൽ ക്ലിക്കായാൽ അതിന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന വ്യവസായികൾക്കിടയിൽ താഹ വ്യത്യസ്ഥനായിരുന്നു. മഹാമാരിയിൽ മരണത്തിൻ്റെ വക്കോളം പോയി ഡോക്ടർമാരെ അത്ഭുതപ്പെടുത്തി കൊണ്ട് പതിനെട്ടാം ദിനം വെന്റിലേറ്ററിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ആ അറുപത്തിയഞ്ചുകാരൻ ശിഷ്ടകാലം വിശ്രമിക്കാമെന്നല്ല ചിന്തിച്ചത്.. പ്രതിന്ധികാലത്ത് വലിയ നഷ്ടം വരാത്ത ബിസിനസുകളെകുറച്ചു പഠിച്ചു… സ്വർണകച്ചവടമായിരുന്നു അതിലൊന്ന്. മാസങ്ങൾക്കക്കം…. ദുബൈ ഗോൾഡ് സൂഖിൽ താഹയുടെ അടുത്ത സംരംഭം പിറവിയെടുത്തു… തജ് വി..
കൈവച്ച മേഖലകളിലെല്ലാം വിജയിക്കുന്നതിന്റെ രഹസ്യം ചോദിച്ചാൽ താഹാക്ക പറയും അത് സാധാരണക്കാരുടെ പ്രാർത്ഥന മാത്രമെന്ന്. വരുമാനത്തിൻ്റെ നല്ലൊരു ശതമാനം മാറ്റിവച്ചത് ജന്മനാടായ കല്ലമ്പലത്ത് ദുരിതമനുഭവിക്കുന്നവർക്ക്. കല്ലമ്പലം നഗര മധ്യത്തിൽ ഇരുപതു വർഷം മുമ്പ് ആരംഭിച്ച ഇർഫാൻ കൺവെൻഷൻ സെന്റർ മുഖം മിനുക്കുന്ന തിരക്കിലാണ്.. ഇവിടെ നിന്നും കിട്ടുന്ന വരുമാനം പ്രദേശത്തെ വിധവകൾക്കും നിർധനർക്കും പെൻഷനായി നൽകും.
1800 പേർക്ക് പേരെ ഒരേ സമയം ഇരിക്കാവുന്ന കൺവൻഷൻ സെന്റർ, മേഖലയിൽ മറ്റൊന്നില്ല. ഭക്ഷണ ഹോളും ചേർന്നാൽ ഇവിടെ 2500 പേർക്ക് ഒരേസമയം സമ്മേളനങ്ങളിൽ പങ്കെടുക്കാം. അതിവിശാലമായ പാർക്കിംഗ് അടക്കം ഗ്രാമ പ്രദേശത്ത് ഇതുവരെയുണ്ടായിരുന്ന സൗകര്യങ്ങളെ നിഷ്പ്രഭമാക്കി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം തിരുവനന്തപുരം, കൊല്ലം ജില്ലകളെ കല്ലമ്പലത്തേക്ക് ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല
കഴിഞ്ഞില്ല… ആ ഗ്രാമത്തിൽ വീടില്ലാതെ ഒരാളും കഴിയരുതെന്ന ചിന്തയിൽ ഒന്നരയേക്കർ ഇടത്ത് 12 വീടുകൾ നിർമിച്ചു നൽകി കൊണ്ട് തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടുകൾ സമ്മാനിച്ച പ്രവാസി കൂടിയാണ് താഹാക്ക. വൃക്കരോഗം ഒരു സാധാരണ കുടുംബത്തെ എങ്ങനെ തകർക്കുമെന്ന് വളരെ അടുത്ത് നിന്ന് കണ്ടയാളാണ് താഹ. കാശില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്ന നിർബന്ധമാണ് മാതാപിതാക്കളുടെ പേരിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ പ്രേരിപ്പിച്ചത്. ഒരുദിവസം ഇരുപത്തിയഞ്ചു പേർക്കാണ് ഇവിടെ ഒരു ചില്ലിക്കാശ് വാങ്ങാതെ ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്.
മഹാമാരിയിൽ ശ്വാസം പിടഞ്ഞ് വെന്റിലേറ്ററിൽ കഴിഞ്ഞപ്പോൾ പരീക്ഷണമെന്നോണം ഡോക്ടർമാർ ഒരു ദിവസം കൂടി കാത്തിരുന്നിടത്തു നിന്നുള്ള തിരിച്ചു വരവ് സാധാരണക്കാരന്റെ പ്രാത്ഥന ഒന്നുകൊണ്ട് മാത്രമെന്ന് വിശ്വസിക്കുന്നവൻ. അതുകൊണ്ട് തന്നെ ബോണസായി കിട്ടിയ ബിസിനസ് ജീവിതത്തിൽ നിന്നുള്ള വരുമാനം ശിഷ്ടകാലം പാവങ്ങൾക്കായി മാറ്റിവെക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. പതിനെട്ടാം വയസ്സിൽ തൊഴിൽ തേടി ദുബൈയിലെത്തിയ പൊടിമീശക്കാരൻ അഞ്ചു പതിറ്റാണ്ടിനുശേഷം അറബിക്കടലും കടന്ന് വീണ്ടും സ്വദേശമായ കല്ലമ്പലത്തേക്കെത്തുമ്പോൾ നാടിനും നാട്ടിൻ പുറത്തുകാർക്കും ആ വരവ് ആശ്വാസമേകുമെന്ന കാര്യത്തിൽ തർക്കമില്ല.