മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച ഫ്ളാഗ് ഓഫ് ചെയ്ത അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലേറ്. മലപ്പുറം തിരുന്നാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.
കല്ലേറിൽ യാത്രാക്കാർക്ക് ആർക്കും പരിക്കില്ല. എന്നാൽ കല്ലേറ് കൊണ്ട് ട്രെയിനിൻ്റെ ചില്ലിൽ പൊട്ടൽ വീണിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറുണ്ടായെങ്കിലും ട്രെയിൻ യാത്ര തുടരുകയാണ്.
മലപ്പുറം ജില്ലയിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ല. കോഴിക്കോട് സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ വന്ദേഭാരത് ട്രെയിനിന് ഷൊർണ്ണൂരിലാണ് അടുത്ത സ്റ്റോപ്പ്. ഷൊർണ്ണൂരിൽ വണ്ടി നിർത്തിയപ്പോൾ റെയിൽവേ ജീവനക്കാർ പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിനിൻ്റെ സുരക്ഷ വർധിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.
https://www.facebook.com/reel/1353122255537066