തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. അടുത്ത വർഷം മുതൽ 12 പൈസയുടെ വർധനവുണ്ടാകും. നിരക്ക് വർധന ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്.
1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധന ഉണ്ടാവുകയില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫും വർധിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഈ വർഷം 34 പൈസയും 2025-26ൽ 24 പൈസയും 2026-27ൽ 5.90 പൈസയും വീതം വർധിപ്പിക്കാനാണു കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്നത്.
വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെ വേനൽക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വർധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബി അധികൃതരുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.
ഈ വർഷം ജൂണിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതിയായിരുന്നു നൽകിപ്പോന്നിരുന്നത്. 51 മുതൽ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.
151 മുതൽ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവിൽ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറിൽ ഉപഭോക്താക്കൾക്ക് നൽകിപ്പോന്ന സബ്സിഡി നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു