പതിനൊന്നുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടാനമ്മയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്ന് യുവതി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് മിക്കപ്പോഴും വീട്ടിലേക്ക് വരാറില്ലെന്നും ചെലവിന് പോലും ഒന്നും കൊടുക്കാറില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമതായാണ് ഈ സ്ത്രീയെ വിവാഹം കഴിച്ചത്.
അതേസമയം, സ്ത്രീക്ക് മുലയൂട്ടുന്ന കുട്ടിയുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും അറസ്റ്റിലേക്ക് കടക്കുക.
പിതാവിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വില്‍ക്കാനുണ്ടെന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ നല്‍കാമെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. എന്നാല്‍ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസില്‍ അറിയിച്ചു. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും അവരുടെ വല്യമ്മയും ചേര്‍ന്ന് സംഭവത്തില്‍ പൊലീസിന് പരാതി നല്കി. തുടര്‍ന്ന് തൊടുപുഴ പൊലീസ് പിതാവിനെതിരെ കേസെടുത്തു.
ചോദ്യം ചെയ്യലില്‍ താനല്ല അങ്ങനൊരു പോസ്റ്റ് ഇട്ടതെന്ന് പിതാവ് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് രണ്ടാനമ്മയാണ് ചെയ്തതെന്ന് കണ്ടെത്തിയത്. ഇവരുടെ ഫോണില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.