കേന്ദ്ര സർക്കാരും എൻ സി ആർ ടി യും ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും. എൻ സി ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ എസ് സി ആർ ടി പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കും. സംസ്ഥാന കരിക്കുലം കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്. എന്നാൽ അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രിയുടേതായിരിക്കും.
മുഗൾ രാജവംശം, സ്വതന്ത്ര സമര സേനാനികൾ, ഗുജറാത്ത് കലാപം, ആർ എസ് എസ് നിരോധനം, ഗാന്ധിവധം എന്നിവയൊക്ക എൻ സി ആർ ടി സിലബസുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.അടുത്തിടെ 11 ആം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠഭാഗത്തു നിന്നും മൗലാന ആസാദിന്റെ പേരും ഒഴിവാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റയിൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നതോടെയാണ് തീരുമാനമെടുത്തത്. ഈ പാഠഭാഗങ്ങൾ സപ്ലിമെന്ററി പാഠപുസ്തകമായി എസ് സി ആർ ടി യിലിറക്കും.
സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി 6 മുതൽ 12 ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലായിരുന്നു വ്യാപകമായി തിരുത്തുകൾ വരുത്തിയത്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ആര്‍എസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനത്തെ അംഗീകരിക്കാനാവില്ലയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.